കഴക്കൂട്ടം :സൗത്ത് സോൺ സഹോദയ കലോത്സവം ടാലൻഷ്യ 2കെ 26 ന് ഇന്ന് കൊടിയിറങ്ങും. ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂളിൽ ബുധനാഴ്ചയാണ് കലാമത്സരങ്ങൾക്ക് തുടക്കമായത്. കലോത്സവത്തിൽ രണ്ടാം ദിവസവും വാശിയേറിയ മത്സരവുമായി വിവിധ സ്കൂളുകൾ മുന്നേറ്റം തുടരുകയാണ്.
ഫോക് ഡാൻസ്, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയ ദൃശ്യ മനോഹര വിസ്മയ കാഴ്ചകളും ലളിതഗാനം, വിവിധ ഭാഷകളിലെ കവിതാലാപനം, പ്രസംഗം , കൂടാതെ തബല ,മൃദംഗം, വയലിൻ , ഫ്ലൂട്ട്, ഗിത്താർ തുടങ്ങിയ വാദ്യോപകരണങ്ങളുടെ മേളനവുമുൾപ്പടെ മത്സര രംഗത്തുണ്ട്.
അറുപത്തിമൂന്ന് സ്കൂളുകളിൽ നിന്നുള്ള ഏഴായിരത്തോളം പ്രതിഭകളാണ് 13 വേദികളിലായി നടക്കുന്ന മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
613 പോയിന്റുമായി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ മുന്നിലാണ്. ആര്യ സെൻട്രൽ സ്കൂൾ പട്ടം രണ്ടാം സ്ഥാനത്തും കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ മൂന്നാം സ്ഥാനത്തും ആണ്.